കെഎസ്ആർടിസി കൊറിയർ സർവീസ് നവീകരണത്തിലേക്ക്; 16 മണിക്കൂറിനുള്ളിൽ ഡെലിവറി ഉറപ്പ്
തിരുവനന്തപുരം: കെഎസ്ആർടിസി കൊറിയർ സേവനം കൂടുതൽ മികവോടെ പ്രവർത്തിക്കാനായി പ്രൊഫഷണൽ ഏജൻസിയെ ചുമതലപ്പെടുത്തുന്നു. ഇതിനായി ടെൻഡർ വിളിച്ചിട്ടുണ്ടെന്ന് കോർപറേഷൻ അറിയിച്ചു. സാധനങ്ങൾ സുരക്ഷിതമായി കൈമാറുന്നതിനുള്ള പരാതികൾ ഉയർന്നതിനെ തുടർന്നാണ് ഈ മാറ്റം. ജീവനക്കാരുടെ കുറവും കൗണ്ടറുകളുടെ സ്ഥലപരിമിതിയും നിലവിലെ സേവനത്തെ ബാധിച്ചിട്ടുണ്ട്. ഇതിനെ പരിഹരിച്ച് കൂടുതൽ കാര്യക്ഷമമായ സേവനം നൽകുക എന്നതാണ് ലക്ഷ്യം. 2023ൽ ആരംഭിച്ച കൊറിയർ സർവീസ് ഇതിനകം 3.73 കോടി രൂപ വരുമാനം നേടിയിട്ടുണ്ട്. പ്രതിമാസം 50 ലക്ഷം രൂപ വരുമാനം കൈവരിച്ച ഈ സേവനം കൂടുതൽ പ്രൊഫഷണലായി മാറ്റാൻ സാങ്കേതിക നവീകരണങ്ങൾ നടപ്പിലാക്കും. പുതിയ സോഫ്റ്റ്‍വെയർ അവതരിപ്പിച്ച് വേഗതയും സുതാര്യതയും വർദ്ധിപ്പിക്കും. കോയമ്പത്തൂർ, നാഗർകോവിൽ ഉൾപ്പെടെ 46 പാഴ്സൽ കൗണ്ടറുകൾ കേരളത്തിൽ പ്രവർത്തിക്കുന്നു. പ്രൊഫഷണൽ ഏജൻസിയുടെ എത്തിച്ചേരലോടെ ഞായറാഴ്ചകളും പൊതു അവധികളിലും സേവനം ലഭ്യമാകും. പ്രധാന ബസ് സ്റ്റാൻഡുകളിൽ കമ്പ്യൂട്ടറൈസ്ഡ് കൗണ്ടറുകളും സിസിടിവി നിരീക്ഷണവും ഉറപ്പാക്കും. 16 മണിക്കൂറിനുള്ളിൽ കേരളത്തിൽ എവിടെയും സാധനങ്ങൾ എത്തിക്കും. പാഴ്സലുകൾ തെറ്റായി എത്തിച്ചാൽ 50 രൂപയും കേടുപാടുകൾ സംഭവിച്ചാൽ 500 രൂപയും പിഴ ഈടാക്കും. പുതിയ സംവിധാനങ്ങൾ ഒരുമാസത്തിനകം പ്രാവർത്തികമാക്കുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.